Monday, July 12, 2010

Monday, May 3, 2010

സൈലന്റ്വാലി ആദിവാസി ഭൂമിയിലെ റിസോര്‍ട്ടിനെതിരെ ജനരോഷം ഉയരട്ടെ

സമര മുഖത്തില്‍ - ചിത്രങ്ങള്‍ - ഏപ്രില്‍ 19നും ഏപ്രില്‍ 30നും BJP നടത്തിയ റിസോര്‍ട്ട് മാര്‍ച്ചുകളുടെ ദൃശ്യങ്ങള്‍ -
ഏപ്രില്‍ 19ന് റിസോര്‍ട്ട് പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ മാര്‍ച്ച്





ഏപ്രില്‍ 30ന് ബിജെപി നടത്തിയ മാര്‍ച്ച് റിസോര്‍ട്ടിന് അഞ്ച് കിലോമീറ്റര്‍ അകലെ പോലീസ് തടഞ്ഞപ്പോള്‍




ബിജെപി പിന്തുണയോടെ ആദിവാസികള്‍ റിസോര്‍ട്ടിനുള്ളില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചപ്പോള്‍




ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പോലീസ് ബലമായി അറസ്റ്റ് ചെയ്യുന്നു



പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് ആദിവാസി സ്ത്രീകള്‍ ഉച്ചക്കഞ്ഞി വക്കുന്നു





പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി ചിണ്ടക്കിക്കടുത്ത് വീരന്നൂര്‍ ഊരിലെ ആദിവാസി കോളനിക്കുള്ളില്‍ ഒരു വന്‍ കിട റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. സൈലന്റ്വാലി ദേശീയോദ്യാനത്തിന്റെ കരുതല്‍മേഖലയിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. അത്യപൂര്‍വ്വ സസ്യജന്തു ജാലങ്ങളുടെ ആവാസവ്യവസ്ഥയായ സൈരന്ധ്രി വനമേഖലയെ ഇത്രയും കാലം സംരക്ഷിച്ചു പോന്നത് കേരളത്തില്‍ ഉയര്‍ന്നു വന്ന പരിസ്ഥിതി അവബോധത്തിന്റെ കരുത്താണ്. ഒരിക്കല്‍ അശാസ്ത്രീയമായ വൈദ്യുതപദ്ധതിക്കായി നശിപ്പിക്കപ്പെടുമായിരുന്ന ഈ ഹരിതഭൂമിയെ സംരക്ഷിക്കാന്‍ കേരളത്തിലെ പരിസ്ഥിതി സാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരും ഉണ്ടായിരുന്നു.

ദശാബ്ദങ്ങള്‍ക്ക് ശേഷം വീണ്ടും പാത്രക്കടവിന്റെ പേരില്‍ വനത്തെ നശിപ്പിക്കാനുള്ള ശ്രമം കരുതല്‍ മേഖലയുടെ പ്രഖ്യാപനത്തോടെ ഇല്ലാതാക്കിയതാണ്. എന്നാല്‍ ഈ പ്രതിബന്ധങ്ങളെയൊക്കെ അധികാര രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലും പണക്കൊഴുപ്പിലും മറികടന്ന ഒരു വിഭാഗം സൈലന്റ് വാലിയുടെ ടൂറിസം സാധ്യതകളെ കറന്നെടുക്കാനുള്ള ശ്രമത്തിലാണ്.

സൈലന്റ്വാലിയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതാണ് ശരിയും. അതുകൊണ്ടാണ് ഒരു ദിവസം വെറും അമ്പത് പേര്‍ക്ക് മാത്രമായി സൈലന്റ്വാലി സന്ദര്‍ശനാനുമതി നിജപ്പെടുത്തിയിരിക്കുന്നത്. പഠനാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കേണ്ട ഒരു സ്ഥലമാണത്. മനുഷ്യന്റെ അമിതമായ ഇടപെടല്‍ സൈലന്റ്വാലിയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കും എന്നുള്ളതുകൊണ്ടാണ് ഈ പ്രദേശത്തെ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കാത്തത്.

എന്നാല്‍ മൂന്നാറിനെ ഞെക്കിക്കൊല്ലുകയും ഇപ്പോള്‍ വയനാടിനെ നക്കിക്കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന വിനോദവ്യവസായ മൂലധന ശക്തികള്‍ സൈലന്റ്വാലിയെ തങ്ങളുടെ അടുത്ത ഇരയായി പരിഗണിക്കുന്നു. അതിനായി വ്യാജരേഖകള്‍ ചമച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും രാഷ്ട്രീയനേതാക്കളേയും സ്വാധീനിച്ചും അവര്‍ ആദിവാസി ഭൂമി തട്ടിയെടുത്തിരിക്കുന്നു. ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് വീരന്നൂര്‍ ഊരില്‍ ആദ്യ റിസോര്‍ട്ട് പൊങ്ങിയിരിക്കുന്നത്. വലിയ എതിര്‍പ്പില്ലെങ്കില്‍ മറ്റ് പലയിടത്തും ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചില റിസോര്‍ട്ടുകളുടെ പണി പ്രാരംഭ ദിശയിലുമാണ്. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു മൂന്നാറായി സൈലന്റ്വാലി മാറും എന്നതില്‍ തര്‍ക്കമില്ല.

വീരന്നൂര്‍ ഊര് കൂട്ടം നിരവധി തവണ റിസോര്‍ട്ട് നിര്‍മ്മാണം സംബന്ധിച്ച പരാതികള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പട്ടികജാതി-വര്‍ഗ്ഗ സംരക്ഷണ വകുപ്പ് മന്ത്രി, പാലക്കാട് ജില്ലാ കളക്ടര്‍, ഒറ്റപ്പാലം ആര്‍ഡിഒ, മണ്ണാര്‍ക്കാട് താഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടും പരാതികളില്‍ അന്വേഷണം പോലും നടന്നില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് അന്വേഷണം അട്ടിമറിച്ചതെന്ന കാര്യം നാട്ടില്‍ പാട്ടാണ്.

റിസോര്‍ട്ട് ഉദ്ഘാടനത്തലേന്ന് ഉദ്ഘാടകനായ ടൂറിസം ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഊര് കൂട്ടം വീണ്ടും പരാതി ഫാക്സ് ചെയ്തു. വാര്‍ത്ത പത്രങ്ങളില്‍ വിവാദമായി വന്നതോടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ പിന്മാറി . ചടങ്ങില്‍ മുഖ്യാഥിതി ആവേണ്ടിയിരുന്ന പാലക്കാട് എം പി എംബി രാജേഷും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ആശംസയര്‍പ്പിക്കാന്‍ ക്ഷണിച്ചിരുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാറും ചടങ്ങ് ബഹിഷ്കരിച്ചു.

എന്നാല്‍ മണ്ണാര്‍ക്കാട് എം എല്‍ എയും കേരള നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായ ജോസ്ബേബി റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെപിസിസി സെക്രട്ടറി പി.ജെ പൌലോസ്, സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പികെ ശശി, മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ നാലകത്ത് സൂപ്പി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത നേതാക്കളൊക്കെ സൈലന്റ്വാലിയില്‍ ടൂറിസം വികസിക്കണമെന്നും റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് ആദിവാസി ഭൂമിയിലല്ല എന്നും പ്രസ്താവിക്കുകയും ചെയ്തു. വീരന്നൂര്‍ ഊരിലെ ആദിവാസികളുടെ കണ്ണീരിന് ഇക്കൂട്ടര്‍ യാതൊരു വിലയും കല്‍പ്പിച്ചില്ല. വീരന്നൂര്‍ ഊരുകാര്‍ കാലങ്ങളായി ആരാധിച്ചിരുന്ന ക്ഷേത്രത്തിന്റെ ഭൂമിയും റിസോര്‍ട്ട് മാഫിയ കയ്യേറി മതില്‍ കെട്ടിയിരുന്നു. ആദിവാസി സ്ത്രീകളുടെ കുളിക്കടവിന് തൊട്ട് മുകളിലായി മരത്തില്‍ ഏറുമാടങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.

അധികാരക്കസേരകളിലുള്ള രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും റിസോര്‍ട്ട് മാഫിയക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് വീരന്നൂര്‍ ഊരിലെ ആദിവാസികളും ഭാരതീയ ജനതാ പാര്‍ട്ടിയും ബന്ധപ്പെടാനിടയാക്കിയത്. ആദിവാസി കോളനി സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാറിനോട് തങ്ങളുടെ ദുരവസ്ഥ ആദിവാസികള്‍ തുറന്ന് പറഞ്ഞു. തുടര്‍ന്ന് ആദിവാസികളുടെ ഭൂമി പ്രശ്നം ഭാരതീയ ജനതാ പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു.

ഉദ്ഘാടന പിറ്റേന്ന് ബിജെപി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.സാബു, മണ്ഡലം പ്രസിഡണ്ട് ബി.മനോജ്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ഒ.പി വാസുദേവനുണ്ണി, ജില്ലാ വൈസ് പ്രസിഡണ്ട് സന്ദീപ്.ജി.വാര്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്ത പ്രവര്‍ത്തകരെ പോലീസ് തടഞ്ഞെങ്കിലും റിസോര്‍ട്ടിനുള്ളില്‍ കൊടിനാട്ടി ആദിവാസി ഭൂമി പ്രതീകാത്മകമായി ആദിവാസി ഭൂമി തിരിച്ചു പിടിച്ചതായി പ്രഖ്യാപിച്ചു.

ഇതോടെ സൈലന്റ്വാലിയിലെ വിവാദ റിസോര്‍ട്ട് സംബന്ധിച്ച പ്രശ്നം മാധ്യമശ്രദ്ധ നേടി . വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിയ പുതിയ ജില്ലാ കളക്ടര്‍ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പട്ടയങ്ങള്‍ വ്യാജമാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആദിവാസികള്‍ നല്‍കിയ പരാതി മുക്കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒറ്റപ്പാലം ആര്‍ഡിഒയെ സസ്പെന്റ് ചെയ്യാന്‍ സര്‍ക്കാര്‍ ന്നിര്‍ബന്ധിതമായി.

റിസോര്‍ട്ടിനെ ന്യായീകരിച്ച് രംഗത്ത് വന്ന മണ്ണാര്‍ക്കാട് എം എല്‍ എ ഡപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.


ഇത്രയുമായിട്ടും റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം തടയുന്നതിന് സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. തുടര്‍ന്ന് ഏപ്രില്‍ 30ന് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് റിസോര്‍ട്ടില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ മുക്കാലിയില്‍ തന്നെ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് ബിജെപി പ്രവര്‍ത്തകര്‍ മുന്നോട്ട് കുതിച്ചു. നാല് കിലോമീറ്ററോളം ദൂരം കാട്ടിലൂടെ മുന്നേറിയ പ്രവര്‍ത്തകരെ റിസോര്‍ട്ടിന് ഒരു കിലോമീറ്റര്‍ അകലെ വച്ച് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. എട്ട് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ പോലീസ് റിസോര്‍ട്ട് മാഫിയക്ക് കൂട്ട് നില്‍ക്കും എന്നറിയാമായിരുന്നതിനാല്‍ തലേന്ന് രാത്രി തന്നെ ആദിവാസി ഊരില്‍ കേന്ദ്രീകരിച്ചിരുന്ന ബിജെപിയുടെ അമ്പതോളം പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആദിവാസികളും റിസോര്‍ട്ടിലേക്ക് കയറി. അവിടെ കുടില്‍ കെട്ടി സമരമാരംഭിക്കുകയും ചെയ്തു. സമരപ്പന്തലില്‍ നിന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ഒ.പി വാസുദേവനുണ്ണിയേയും ജില്ലാ പ്രസിഡണ്ട് സുജിത്തിനേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന പോലീസ് വാഹനങ്ങള്‍ ലാത്തിച്ചാര്‍ജ്ജ് നടന്ന സ്ഥലത്തു വച്ച് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിട്ടു.

തുടര്‍ന്ന് കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും റിസോര്‍ട്ടിനുള്ളില്‍ പ്രവേശിക്കുകയും സമരമാരംഭിക്കുകയും ചെയ്തു. രാവിലെ പതിനൊന്നിനാരംഭിച്ച സമരം അവസാനിച്ചത് വൈകീട്ട് അഞ്ച് മണിക്ക് പോലീസ് നടത്തിയ ബലപ്രയോഗത്തിലൂടെ ആയിരുന്നു. മുഴുവന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും പോലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ റിസോര്‍ട്ടിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ് വന്നത് സമരത്തിന്റെ നേട്ടമായി.



ബിജെപി ആരംഭിച്ച സമരം ഇവിടെ തീരുന്നില്ല. ആദിവാസികളുടെ സ്വന്തമെന്ന് സര്‍ക്കാര്‍ പോലും സമ്മതിക്കുന്ന ഭൂമിയില്‍ ആദിവാസികള്‍ക്ക് അവകാശം ലഭിക്കുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യും.


ബ്ലോഗ് സമര്‍പ്പിക്കുന്നത്
ഭാരതീയ ജനതാ യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി